"പലതില്‍ ചിലത്"

"തില്‍ ചിലത്"

July 14, 2010

പലതില്‍ ചിലത്.... (5)

പലതില്‍ ചിലത്.... (5)



ചാറ്റിംഗ്


ഏകാന്തതകളിലു -

മൊഴിവുകളിലമെന്‍

വിരല്‍ത്തുമ്പ്

തൊട്ടുനില്‍ക്കുന്നത്-

“നിന്റെ കവിളണയില്‍

ചേര്‍ത്ത ചുംബനങ്ങളും,

ഗാഡാലിംഗനങ്ങളും,

വിടചൊല്ലലുമെല്ലാമീ ”-

"കീബോര്‍ഡി"ലല്ലോ...



പിണക്കം


ബന്ധങ്ങളുടെ മാനദണ്ഡം

പുറംകാഴയ്ക്കിറങ്ങിപ്പോകുന്നത്...



പൂരം...

പുരനിറഞ്ഞ പെണ്ണിത്തിരി

പുതുമ നാട്ടില്‍ കാട്ടിയത്....



വില്ല്...


തൊടുത്ത് വലിയ്ക്കുമ്പോള്‍ വിധേയന്‍

ചെന്നുതറയ്ക്കുമ്പോള്‍ വില്ലാളി.......




കനല്‍...


ആളിക്കത്തലിനൊടുവിലും

ഉള്ളിലൊരു കാട്ടുതീ കാക്കുന്നത്...



കവിത

എഴുത്താണി അത്താണിയായി

അത്താഴപട്ടിണി മാറ്റി-

ഞാന്‍ കവിയായി,

കവിത ഭ്രാന്തിയായി....

March 04, 2010

പലതില്‍ ചിലത്...(4)

പലതില്‍ ചിലത്...




നന്ദി...(വാല്)


വാലില്ലാത്ത
പട്ടിയ്ക്കെന്ത്
ചേലെന്ന്...?? പണ്ട്...


ഇന്ന്..
വാലുണ്ടേലത്
"കൊടിച്ചി" പട്ടി....




മരണകുറുപ്പ്


സമയമില്ലാത്ത സമയത്ത്
തൂങ്ങി മരിച്ചവന്റെ
മരണകുറിപ്പ്-
"എനിയ്ക്ക്
ജീവിയ്ക്കാന്‍ പോലും
സമയമില്ലെന്ന്.."




പൊരുത്തം


പത്തില്‍ പത്ത്
പൊരുത്തത്തില്‍
കെട്ടിത്തൂങ്ങിയ താലിച്ചരട്...?


പ്രണയ കുറിപ്പ്...


കുറുക്കെഴുത്തില്ലാത്ത
നിറമുള്ള വാക്കുകള്‍...



പാചക കുറിപ്പ്..


വാചകങ്ങള്‍ വേവിച്ച
വായനകൊണ്ട്
വായ്ക്ക് രുചി...



അടിക്കുറിപ്പ്...

മേലെഴുതാനാകാത്തത്..

പലതില്‍ ചിലത്...(3)

പലതില്‍ ചിലത്...



പരസ്യം...

ആസ്വാദനത്തിന്റെ
അടിത്തറയിളക്കി,
ആശ നിറച്ച്,
കീശയൊഴിയ്ക്കും
നിമിഷങ്ങള്‍..

കൗമാരം

നിറകണ്ണില്‍ നീ നിറഞ്ഞെങ്കിലും,
മനക്കണ്ണില്‍ നിന്നെക്കണ്ട് മതിവരുന്നില്ല...

ഋതു

"ഋതുക്കള്‍ ചേര്‍ന്നതെങ്കിലും,
ഋതുമതിക്ക്‌ മനചേര്‍ച്ച ഇല്ല പോലും "

ബ്ലൂടൂത്ത്

നീലച്ചിത്രങ്ങളെ
ഊറ്റിയെടുക്കുന്ന
കൗമാരത്തിന്റെ
നീലപ്പല്ല്....


കിറുക്കന്‍..

കുറുകിനില്‍ക്കും ചിന്ത,
കുറിക്ക് കൊള്ളും ചോദ്യം,
കിറുക്കനെന്ന പേരില്‍... ?

വിരഹം...

യാത്രയ്ക്കും,
യാത്രാമൊഴിയ്ക്കുമിടയിലെ മൗനം.


ലോൺ...,

എടുക്കാന്‍
ഒരുപാട് വഴിയുള്ളത്....
കൊടുക്കാന്‍
ഒരു വഴിയുമില്ലാത്തത്....
ഒടുക്കാന്‍
ഒടുവിലൊരു ജീവിതമുള്ളത്....



ചുമട് (ജീവിതം)

എങ്ങനെ ചുമന്നാലും
ഒടുവില്‍
ചുമ മാത്രം ബാക്കിയാകുന്നത്..

(ചുമന്ന് ജീവിച്ചാല്‍
ചുമച്ച് മരിയ്ക്കാം.)

പലതില്‍ ചിലത്...(2)

പലതില്‍ ചിലത്...


വേലിയും, വിളവും.

പണ്ട്...
വേലി കാത്ത വിളവിനെ
വേലിതന്നെ കുറച്ചൊക്കെ
കട്ടു തിന്നുകാണും...
അതിനാലാവും
അന്നൊക്കെ... വേലിയ്ക്ക്
എന്ത് പച്ചപ്പായിരുന്നു...

ഇന്ന്...
ജീവനില്ലാത്ത
വേലി കാക്കുന്നതിനാലാവും
വിളവുതന്നെ
വിളവ് തിന്നുന്നത്.....


കുഞ്ഞുണ്ണിക്കവിത

കുഞ്ഞക്ഷരങ്ങളുടെ
കുഞ്ഞുവരികളില്‍
കുഞ്ഞുണ്ണിക്കവിത
കൊഞ്ഞണം കാട്ടി...


തുമ്മല്‍..

അകലെ...
അകത്തുള്ളാരോ
ഓര്‍ത്തതിന്റെ
റിംഗ് ടോൺ മുഴക്കം..


പ്രാര്‍ത്ഥന...

നിലവിളക്കിനും
നിലവിളിയ്ക്കുമിടയിലെ
ഇടവേള..

ചിരി... (ഭ്രാന്ത്)

പലരില്‍ ചിലര്‍ക്ക്
ചിരിയൊരുപോലെ...
പലര്‍ക്കും പലചിരി,
ചിലര്‍ക്ക് ചിലചിരി...


പൂവ്......

പല ദളങ്ങളില്‍
ഒരുമയുടെ
നിറവും,
മണവും,
മധുരവും...


മരണം..

ഒടുവിലെ ശരണം..

February 28, 2010

പലതില്‍ ചിലത്...

ശിക്ഷ.

കണ്ടു നടന്നതും,
കൊണ്ടു നടന്നതും
ഒന്നല്ലാത്തതിനാല്‍
നല്ല നടപ്പിനു
വിധി ചെയ്തത്...

കാമം.

കത്തിയെരിഞ്ഞ
കണ്ണില്ലാത്ത
വിശപ്പിനു
വിളമ്പിയ
കൈത്തളയുടെ
കിലുക്കം.

കടം.

കൊടുക്കാന്‍
ഒരിയ്ക്കലും
"പാടില്ലാത്തത്",
കൊടുത്താല്‍
തിരികെ കിട്ടാന്‍
ഒത്തിരി പാടുള്ളത്.

പെണ്ണ്.

മണ്ണുപോലെ
ഗുണമുള്ളത്,
മണ്ണാങ്കട്ട പോലെ
അലിഞ്ഞ് പോകുന്നത്..

കണക്ക്.

ചിലപ്പോള്‍
ഒരു കണക്കിനങ്ങ്
ഒത്തു വരുന്നത്...
മറ്റുചിലപ്പോള്‍
ഒരു കണക്കിനും
ഒത്ത് വരാത്തത്.

ഗുണ്ട.

വേലയില്ലാത്തവന്
മുളച്ച വാല്..,

നേതാവ്.

നേട്ടത്തില്‍ എന്നും
മുന്‍ന്നിരക്കാര്‍,
കോട്ടത്തില്‍ എന്നും
പിന്‍ നിരക്കാര്‍.

സിനിമ.

സത്യത്തിന്റെ
നരച്ച
പരുക്കന്‍ താടി
പല നിറവും,
മണവുമുള്ള
ഷേവിംഗ് ക്രീമില്‍
പതപ്പിച്ച്
വടിച്ചൊരുക്കുന്ന
മുഖം.