"പലതില്‍ ചിലത്"

"തില്‍ ചിലത്"

March 07, 2013

പലതിൽ ചിലത് (10)

പലതിൽ ചിലത്  (10)
-------------------------------
ചില ജല്പനങ്ങൾ....
-------------------------

ഭ്രാന്ത്...
----------
മനസ്സിനെ
ചങ്ങലക്കിട്ടവനൊടുവിൽ
കാലിലണിയുന്നത്...

നല്ലപാതി
--------------
സ്നേഹമന്ത്രങ്ങൾക്ക്
ഭ്രാന്തിന്റെ പര്യായം കുറിച്ചവൾ...


സമരം...
------------

ഞാൻ സ്വതന്ത്രനാകുന്നത്
എന്റെ ഭ്രാന്തിൽ മാത്രം..
കാമം...
----------
തപ്തനിശ്വാസങ്ങളിലെന്റെ സ്നേഹത്തെ
ഭ്രാന്തായാദ്യം തിരിച്ചറിഞ്ഞവൾ നീ...
ഭ്രാന്തം...
------------
മനസ്സ് തുറന്ന ഒരു ചിരി,
ഒന്നുള്ളുപ്പൊട്ടിക്കരച്ചിൽ
കഴ്ച  വിരൽ ചൂണ്ടിപ്പറയുന്നത്...
ഉണ്മാദം
-------------
വിശപ്പിനെ
ഭ്രാന്തെന്ന് പറയരുതെന്നോ... ? !

അതിനേത് വിശപ്പെന്ന് ഞാൻ പറഞ്ഞില്ലല്ലോ... ?


ഭ്രാന്തൻ...
‌‌‌‌‌‌‌‌‌‌‌‌‌‌‌--------------
കാമത്തിന്റെ
വാലിൽക്കെട്ടിയെന്റെ
സ്വാതന്ത്ര്യത്തെ, സന്തോഷത്തെ
മാനം കൊടുത്തരുതേ... 



ആനച്ചിന്ത...
-------------------
മദം പൊട്ടും മുന്നേ
ചങ്ങലയിലെന്നെയിടപ്പൂട്ടു പൂട്ടി
മതിലുചാടുന്ന മനുഷ്യർ... 


സമൂഹം...
-------------------------
മനോരോഗവിദഗ്ദനെനിക്ക്
മരുന്നുരക്കുന്നു മുടങ്ങാതെ-
കഴിക്കുവാനെനിക്കെന്താ ഭ്രാന്താ... ?

സംശയം...
-----------------
ചങ്ങലകളിങ്ങനെ
കിലുങ്ങിക്കിലുങ്ങി
ചിരിക്കാനും, കരയാനും ഭ്രാന്തുണ്ടോ...?


February 16, 2013

പലതിൽ ചിലത് (9)



പലതിൽ ചിലത് (9)
--------------------------------

സംശയം
....
----------------
തീ ഇല്ലെങ്കിലും
അവളെ എപ്പോഴും പുകമറയി
കാണുന്നത്...
ഏകൻ
--------------

എന്റെ നിഴൽത്തണലിൽ
വിയർപ്പാറ്റുന്നു ഞാൻ

 
താക്കോൽ..
---------------
കള്ളന്റെ കയ്യിലായാൽ
ഞാനുമവനാകുമോ..?

നുണ 
----------
നിലാവ് വിയർക്കുന്ന പ്രഭാത
ത്തിൽ
മരങ്ങൾക്ക് കുളിരെന്ന് കാറ്റ്
....

എഴുത്തുകൾ…
----------------------------

കരിക്കലത്തിൽ കണ്ണെഴുതിയ മുത്തശ്ശി,
കണ്മഷിൽ കണ്ണെഴുതിയ അമ്മ,
കണ്ണെഴുതാതെ വന്ന ഭാര്യ,
കണ്ണുതന്നെ മാറ്റിയെഴുതുന്ന മകൾ...
 
ഇരുട്ട്…
--------------
നിലാവിന്
നിഴലിനോടുള്ള പരിഭവം…


പെണ്ണ്…
------------
വളരുന്തോറും
ഒളിച്ചുവയ്ക്കപ്പെടുന്നവൾ…

ആണ്…
------------
ആണ് - ചെണ്ട,
കോല് - ആവശ്യങ്ങൾ,
താളം - ജീവിതം
പിന്നെ മേളം,
കഴിഞ്ഞാൽ
ചെണ്ടയും കോലും മൂലയിൽ..



August 08, 2012

പലതിൽ ചിലത് (8)


പലതി ചിലത്
-------------------------------

കതിന പൊട്ടി,പ്പൊട്ടി
കാതുപൊട്ടിയ തേവി...
നിന്റെ കാതിലെന്റെ 
ഏതു പരിഭവം കേൾക്കും.

പാലഭിക്ഷേകത്തിലെന്നും
പനിക്കും തേവാ
നിന്റെ പനിച്ചൂടിനേത്
മരുന്നു ഞാനുരക്കണം. 
--------------------------------

കപട കവനത്തിലും
നീ വായിച്ചു, കല്പിതം
നല്ലമനസ്സിന്റെ കാഴ്ച
കരളുരുക്കത്തിന്റെ നോവ്. 
---------------------------------

 
തീഷ്ണ,മവനുടെ ഇശ്ചാശക്തി-
യിലെന്നുടെയുയിരേറ്റണം..!!!
തിരകള്‍ക്കപ്പുറമാവേശമേറ്റ
വാക്കുകളിലുണര്‍വു തേടി-
യണയുമ്പോള്‍, അണച്ചു,
കിതച്ച് ജീവിത ഭാണ്ഡം
തോളേറ്റിയൊരു മനുഷ്യന്‍.... !
 "മനുജനായ് വാഴ്കതന്നേറ്റം
തീഷ്ണം, മാറാതിരിപ്പതിന്നു
ശ്രമിപ്പതേറ്റമിച്ഛാശക്തിയും..."
--------------------------------
 
വിണ്ണിന്റെ കണ്ണൂനീർത്തുള്ളി...
നീ മഞ്ഞാവാം, മഴയാവാം...
മലീനസമല്ല..,  നിന്റെയോരോ
നീർകണവും പരിശുദ്ധിയുടെ
പവിഴത്തിളക്കമാർന്നത്....
 -------------------------------
മറക്കുവതെങ്ങിനെ..?
മൌനങ്ങളാൽ നാം പങ്കിട്ട
വാക്കുകൾ നിന്റെ കണ്ണിൽ..
വാചലമായെന്നെ
പിൻ വിളി വിളിക്കുമ്പോൾ..??
--------------------------------
ആരുനീയെന്നരുമയോടാരായു-
മരുമ സുഹൃത്തേയതും നീതന്നെ..
ഞാനും, നീയുമിവിടെയുടൽ
വ്യതിയാനങ്ങളിലാത്മാവ്
പൂഴ്ത്തിയിരിപ്പവർ..  
----------------------------------
 പനിച്ച് മൂടിപ്പുതച്ച
കിടക്കയിലും ചൂട്..
നിന്റെ ഓർമ്മകൾ..
തനിച്ചിരുന്നപ്പോഴും
വിറയ്ക്കുന്ന ചൂടിൽ
നിന്റെ വിരഹം..
കയ്പ്പിൻ മരുന്ന്
ചുണ്ടോടടുത്തോൾ
നീയില്ലാ ജീവിതം വ്യർത്ഥം..
---------------------------------
 പ്രാണസമാനമീ നിന്റെ ദർശനം,
കടാക്ഷാസ്ത്രങ്ങളേൾക്കുമ്പോള്‍
പിടയുന്ന പ്രാണലിലൊലിക്കുന്നു
പ്രണയച്ചുടു ചോരക്കവിതകൾ...
----------------------------------
 മനസ്സനുവാദമേകുന്നീല..
നിന്റെ വരികൾക്ക് വിരഹം
ചൊല്ലിയകലുവാൻ...  
-----------------------------------
ഉഴറുന്നീയൂഴിയും ഞാനുമെന്റെ ചിന്തയും,
ഇടം വലം വലിയുന്ന ജീവിതമിടയിലും...
------------------------------------
ചേര്‍ത്തുവയ്ക്കുക ഉള്‍ക്കാമ്പിലെന്നും
പ്രണയം ഋതുപോലെ..
മാറി വരുമിനിയു,മിനിയും..
എന്തിന്നുവെറുതെ നോവോറ്റി
നീറ്റുന്നു നീ നിത്യവും....
-----------------------------------
 
മനമവിടെ ഉടലിവിടെ....
ഇന്നു മടങ്ങണം മനസ്സിലേയ്ക്ക്...
മനസ്സു,മുടലും മറന്നുറങ്ങണം
അമ്മതന്‍ മടിതട്ടില്‍....
----------------------------------

July 17, 2012

പലതിൽ ചിലത്.(7)

പലതിൽ ചിലത്.
------------------------------------


നിന്റെ ഗ്രാമം
നിയെനിക്കെല്ലാമാകുമ്പോഴും...

നിന്റെ നഗരം
എന്നെ
ഒറ്റപ്പെടുത്തുന്നു- 


--------------------------------------


ദു:ഖം
പരിഹസിച്ച്
ചിരിക്കുന്നു... 


സന്തോഷം
ചുണ്ടിൽ ചിരിവച്ച്
കരയുന്നു.

---------------------------------------

നീയും, ഞാനുമില്ലാത്ത
കവിതയിൽ
ആരുമില്ല...!! 

 -----------------------------------

നാളെയിലേക്കൊരു
അറിയാവഴിതേടി

ഇന്ന്
ഇന്നലയിലേക്ക്
വഴിതെറ്റിപ്പോകുന്നു

------------------------------------
 

അക്ഷരങ്ങൾ
മാത്രം വായിക്കപ്പെടാൻ
വിധിച്ച കവിത,
വിളഞ്ഞ പതിര്.

------------------------------------

തെറ്റിവീഴുന്നു ഓർമ്മകൾ
മറവിയുടെ
പായൽ വഴുക്കലിൽ..

-------------------------------------

എല്ലാത്തണലിലും
സ്നേഹമുണ്ടെന്നൊരു
കഴുകൻ ചിറക്...

-------------------------------------



വിധിയുടെ
നൂൽ‌പ്പാലത്തിലൂടെ
ഉല്ലാസയാത്ര- ജീവിതം.
-------------------------------------



നടന്നിറങ്ങിയ
പടവുകളിൽ
പടുവാർദ്ധക്യം
വടിയൂന്നി നിൽ‌പ്പൂ...

-------------------------------------



നിലവിട്ട നിലാവ്
ഇരുട്ട്,
നിലവിട്ടതെനിക്കെന്ന്
നീ.


-------------------------------------









 
 

December 11, 2011

"പലതില്‍ ചിലത്" (6)

"പലതില്‍ ചിലത്" (ആറ്)
****************
മതം...
******
ജനനത്തിനിനും,
മരണത്തിനുമിടയില്‍
ആത്മാവില്‍
കുരുങ്ങിയ ചൂണ്ട.

പുണ്യം.
*****
പാപം
പാമ്പില്‍ തോലുപോലെങ്കില്‍
ഇടയ്ക്കിടയ്ക്ക്
പടമുരിഞ്ഞ് പുണ്യം നേടിയേനെ..!!

വിയര്‍പ്പ്.....
************
നന്ദിയെന്ന വെറും വാക്കിന്റെ
അര്ത്ഥവ്യാപ്തിയും, ആഴവും തേടി
നടുക്കടലില് ഉപ്പുവെള്ളം
വറ്റിയ്ക്കുമ്പോള്.......!!!!
വിരുന്നുവന്നവഴി
**********
പറഞ്ഞതറിയാതെയും
അറിഞ്ഞത് പറയാതേയും
പലവുരു പിണങ്ങിയും
പിന്നെയിണങ്ങിയും
പതിവായി പരിഭവങ്ങൾ
പരസ്പരം ചൊരിഞ്ഞും,
പരിവേദനങ്ങളിൽ പുണർന്നും
ഞാനും നീയുമല്ലാതായി
മുഖം മൂടികളഴിച്ചിടുമ്പോൾ
ഒരു വസന്തം വിരുന്നുവന്ന
വഴിയറിയുന്നു...
സേവനവാരം
************
ഗാന്ധിതന്‍ സേവനം മറന്നു നമ്മള്‍...
സേവനവാരം മറന്നു നമ്മള്‍,
"സേവ" വാരമാഘോഷമാക്കി നമ്മള്‍,
എങ്കിലുമിന്നെന്റെയങ്കണത്തിലെ
ആദര്‍ശത്തെ, സത്യത്തെ,യഹിംസയെയൊക്കെ
തൂത്തു,വെടിപ്പാക്കി,തുടച്ചുമാറ്റി...
കടലമ്മ..
********
തിരക്കൈകളാല്‍
തഴുകിയും, തലോടിയും
ചിലപ്പോള്‍ ക്ഷോപത്തോടെ
തിരതല്ലിക്കരയെ
ശാസിക്കുന്നൊരമ്മ.

July 14, 2010

പലതില്‍ ചിലത്.... (5)

പലതില്‍ ചിലത്.... (5)



ചാറ്റിംഗ്


ഏകാന്തതകളിലു -

മൊഴിവുകളിലമെന്‍

വിരല്‍ത്തുമ്പ്

തൊട്ടുനില്‍ക്കുന്നത്-

“നിന്റെ കവിളണയില്‍

ചേര്‍ത്ത ചുംബനങ്ങളും,

ഗാഡാലിംഗനങ്ങളും,

വിടചൊല്ലലുമെല്ലാമീ ”-

"കീബോര്‍ഡി"ലല്ലോ...



പിണക്കം


ബന്ധങ്ങളുടെ മാനദണ്ഡം

പുറംകാഴയ്ക്കിറങ്ങിപ്പോകുന്നത്...



പൂരം...

പുരനിറഞ്ഞ പെണ്ണിത്തിരി

പുതുമ നാട്ടില്‍ കാട്ടിയത്....



വില്ല്...


തൊടുത്ത് വലിയ്ക്കുമ്പോള്‍ വിധേയന്‍

ചെന്നുതറയ്ക്കുമ്പോള്‍ വില്ലാളി.......




കനല്‍...


ആളിക്കത്തലിനൊടുവിലും

ഉള്ളിലൊരു കാട്ടുതീ കാക്കുന്നത്...



കവിത

എഴുത്താണി അത്താണിയായി

അത്താഴപട്ടിണി മാറ്റി-

ഞാന്‍ കവിയായി,

കവിത ഭ്രാന്തിയായി....

March 04, 2010

പലതില്‍ ചിലത്...(4)

പലതില്‍ ചിലത്...




നന്ദി...(വാല്)


വാലില്ലാത്ത
പട്ടിയ്ക്കെന്ത്
ചേലെന്ന്...?? പണ്ട്...


ഇന്ന്..
വാലുണ്ടേലത്
"കൊടിച്ചി" പട്ടി....




മരണകുറുപ്പ്


സമയമില്ലാത്ത സമയത്ത്
തൂങ്ങി മരിച്ചവന്റെ
മരണകുറിപ്പ്-
"എനിയ്ക്ക്
ജീവിയ്ക്കാന്‍ പോലും
സമയമില്ലെന്ന്.."




പൊരുത്തം


പത്തില്‍ പത്ത്
പൊരുത്തത്തില്‍
കെട്ടിത്തൂങ്ങിയ താലിച്ചരട്...?


പ്രണയ കുറിപ്പ്...


കുറുക്കെഴുത്തില്ലാത്ത
നിറമുള്ള വാക്കുകള്‍...



പാചക കുറിപ്പ്..


വാചകങ്ങള്‍ വേവിച്ച
വായനകൊണ്ട്
വായ്ക്ക് രുചി...



അടിക്കുറിപ്പ്...

മേലെഴുതാനാകാത്തത്..